കൂടെയുണ്ടാകും
വെയിൽ വരുന്നവരെ
വിഷു പക്ഷി വിളിച്ചു
കണികാണുവാനായ്
സൂര്യപ്രകാശം
മറനീക്കി തുടങ്ങി
കണ്ണുകൾ അടച്ച്
അമ്മയുടെ കൂടെ
കണ്ണനെ കണ്ട്
കണ്ണുകൾ തുറക്കും
കണ്ണിന് കുളിർമയായ്
വിഷുക്കണി ദർശനം
സമൃദ്ധിയുടെ കാഴ്ച
അനുഗ്രഹപൂമഴ
ഇത് ഇന്നും തുടരുന്ന പുണ്യം.
ഭാവനയുടെ കുടത്തിലിട്ട്
നന്നായി ഇളക്കി അതിൽ
ഏറ്റവും ഇഷ്ടപ്പെട്ടത്
തിരഞ്ഞെടുത്തോളൂ
പിന്നീടത് നിന്റെ പേരുവെച്ച്
പ്രസിദ്ധീകരിച്ചോളൂ
പക്ഷേ എല്ലാവരും
മറന്നുപോകുന്ന ഒന്ന്
മറക്കല്ലേ
"ക്രെഡിറ്റ്‌സ് ടു ഭാവന"
എന്ന് അവസാനം ചേർക്കാൻ.
ബസ്സ് സ്റ്റാൻഡിൽ കണ്ട മുഖം
പാറിയ മുടിയുള്ള പയ്യൻ
വിശന്നൊട്ടിയ വയറും
മെലിഞ്ഞ രൂപവും
എനിക്ക് കരുണ തോന്നി
അടുത്തു വിളിച്ച്
100 രൂപ കൊടുത്തു
അവൻ മറഞ്ഞു
കുറച്ചുനേരം കഴിഞ്ഞപ്പോൾ
അതേ രൂപത്തിലെ പത്ത്
കുട്ടികൾ എന്നെ പൊതിഞ്ഞു
അവന്റെ ശബ്ദം തെളിഞ്ഞു ഞാൻ കേട്ടു
"അവൻ കയ്യിലെ
റൊമ്പ പണമിറുക്ക്
അവനുക്കിട്ട് കേൾ ഡാ
എനിക്ക് കെടച്ചു
ഉങ്കളുക്കും കിടയ്ക്കും"
ഒരു കവിതാഭക്ത
എന്നെ
കവിതകൾ പൂക്കുന്ന
ഗ്രൂപ്പിൽ ചേർത്തു
ഫേസ്ബുക്ക് കവികൾ നിറഞ്ഞ തീരം
ചേർന്നപ്പോ അവിടെയൊരു മത്സരം നടക്കുന്നു
ഞാനോ അടുക്കളപ്പണി തൊഴിലായ് പഠിച്ചവൻ
ഈ ഞാനും എഴുതി
ഒരു കുഞ്ഞ് കവിത
ഉടനെ ആ ഗ്രൂപ്പിലെ എഴുത്തച്ഛൻ എത്തി. പറഞ്ഞതോ
"ആംഗലേയം കുത്തിനിറച്ചത്"
പിന്നീട് വന്നതോ
ഗ്രൂപ്പിലെ ഉള്ളൂർ. അദ്ദേഹം പറഞ്ഞു
"സന്ധിയും വരിയും അക്ഷരവും തെറ്റി"
പിന്നെ വന്നതോ ആശാൻ
ഉടനടി മൊഴിഞ്ഞു
"വാക്കിന്റെ അകലം കുറഞ്ഞുപോയി"
പിന്നെയെത്തി വള്ളത്തോൾ തൽക്ഷണം പറഞ്ഞു
"വിഷയം പാടെ മറന്ന രചന"
എല്ലാം കേട്ട ഞാൻ
പേനയും പേപ്പറും ഉപേക്ഷിച്ച്
അടുക്കളയിലേക്ക് ഓടി
അവിടെയെന്റെ രുചിക്കൂട്ടുകൾ വിഭവങ്ങളായി ഒരുങ്ങിയിരുന്നു.
ഇത് അബുവിന്റെ കഥയാണ്. മുഴുവൻ പേര് ആഭിലാഷ് എന്നാണെങ്കിലും നാട്ടിലെ മുഴുവൻ ആളുകൾക്കും അവൻ അബു ആണ്. അബുവിന്റെ ജോലി തോമാച്ചൻ ചേട്ടന്റെ പ്രിൻസ് ബേക്കറിയിലെ ബോർമ്മയിലും. കഠിനാധ്വാനിയായ അബു ഉള്ളതുകൊണ്ട് തോമാച്ചൻ ചേട്ടന് ബോർമ്മയിലേക്ക് തിരിഞ്ഞു നോക്കണ്ട. എല്ലാം അബു സ്വന്തം പോലെ ചെയ്തോളും.
നാട് എണീക്കുന്നതിന് മുൻപേ അബു ബോർമ്മയിൽ ജോലിക്ക് കയറും ജീവിതം മുഴുവനും ആ ബോർമ്മയിലാണ് ആ ചൂട് അവനെ ഒത്തിരി വേദനിപ്പിച്ചിരുന്നെങ്കിലും മുഴുവൻ സമയത്തും അവൻ ആ ജോലി ആസ്വദിച്ചാണ് ചെയ്തിരുന്നത്. വളരെ കണിശക്കാരനും ചൂടനുമായിരുന്ന തോമാച്ചൻ ചേട്ടനും അവനെ വല്യ കാര്യമായിരുന്നു. അവന്റെ ജോലിയെക്കുറിച്ച് ഒരിക്കലും ഒരു കംപ്ലയിന്റ് ഇല്ലാത്തതിനാൽ പുള്ളിക്ക് അവനെ ഇഷ്ടമായിരുന്നു. പക്ഷേ അത് അദ്ദേഹം പുറത്ത് കാണിക്കില്ലായിരുന്നു കാരണം അവൻ അത് മുതലെടുത്താലോ എന്ന ചിന്തകാരണം അവനോടും രൂക്ഷമായേ അയാൾ പെരുമാറുകയുള്ളൂ. ജോലി കഴിഞ്ഞ് സിറ്റിയിൽ കറങ്ങി വായനശാലയിൽ പോയി കൂട്ടുകാരെ കണ്ടു മടങ്ങിയാൽ അവൻ സന്തോഷവാനായി. പിന്നെ പിറ്റേന്ന് ജോലിക്ക് കേറുന്നതാണ് അവന്റെ ചിന്ത.
അങ്ങിനിരിക്കെ ഒരു ദിവസം അവന്റെ വോട്ടർ ഐഡി കാർഡ് ശരിയാക്കാൻ അക്ഷയ കേന്ദ്രത്തിൽ പോകേണ്ടി വന്നു. അവിടെനിന്നും നടക്കാഞ്ഞതിനാൽ അക്ഷയയിലെ ചേച്ചി അബുവിനെ കളക്ടറേറ്റിൽ അതിന്റെ മാത്രമുള്ള ഡിപ്പാർട്മെന്റിലേക്ക് വിട്ടു. അന്നാണ് അബു സർക്കാർ ജോലിയുടെ സുഖം കണ്ടത്. ഓഫീസ് മുഴുവനായും എയർ കണ്ടീഷൻ ചെയ്തത്. അവൻ വേണ്ടപ്പെട്ട രേഖകളുമായി പോയതിനാൽ കാര്യം പെട്ടന്ന് നടത്തി മടങ്ങി. തിരിച്ചു വരുന്ന വഴി ബസിൽ പണ്ട് കൂടെ പഠിച്ച രാജേന്ദ്രനെ കണ്ടു. രാജേന്ദ്രൻ സർക്കാർ ജോലിക്ക് വേണ്ടി PSC പഠനം മാത്രമായി നിൽക്കുകയായിരുന്നു. അവനെ കണ്ടതും അബു വാചാലനായി അവൻ അന്ന് പോയ ഓഫീസിൽ ഒരു പ്യൂൺ ജോലി കിട്ടിയാൽ എന്ത് സുഖമായിരുന്നു എന്നവൻ പറഞ്ഞു, എന്ത് തണുപ്പാ അവിടെ നിൽക്കാൻ എന്തു പണി ആയാലും കുഴപ്പമില്ല ഒരെണ്ണം കിട്ടിയാൽ മതിയായിരുന്നു അവൻ ആഗ്രഹിച്ചു. രാജേന്ദ്രൻ സർക്കാർ ജോലിയുടെ ഗുണങ്ങൾ പറഞ്ഞു തുടങ്ങി ബാങ്ക് ലോൺ, ആനുകൂല്യങ്ങൾ എല്ലാം കേട്ടപ്പോൾ അബു ഒരു സ്വപ്നലോകത്തായി എങ്ങനെയെങ്കിലും ഒരു സർക്കാർ ജോലി വാങ്ങണമെന്ന് അബു തീരുമാനിച്ചു. രാജേന്ദ്രനോട് അതിനുള്ള വഴി തിരക്കി ഉടനെ തന്നെ രാജേന്ദ്രൻ അവർ പഠിക്കുന്ന വൈകിട്ടത്തെ PSC ക്ലാസ്സിലേക്ക് അബുവിനെ സ്വാഗതം ചെയ്തു.
അത് അബുവിന്റെ ജീവിതം മാറ്റിമറിച്ചു. ദിവസവും ബോർമ്മയിൽ നിന്നിറങ്ങി PSC പഠിക്കുന്നതിന് അബു സമയം കണ്ടെത്തി. കാലംകടന്നുപോയി ഇപ്പോൾ ആറു മാസമായി അബു പഠിക്കുന്നു ബോർമയിൽ ഇപ്പോൾ പാട്ടിന് പകരം ചോദ്യങ്ങളും ഉത്തരങ്ങളും കെട്ട് തോമാച്ചൻ ചേട്ടൻ പലവട്ടം കളിയാക്കി എങ്കിലും അബു വീട്ടിൽ പഠനം തകൃതിയായി തുടർന്നുപോന്നു. അബു ഇപ്പോൾ ചോദ്യങ്ങൾക്കൊക്കെ ആദ്യം മറുപടി കൊടുക്കുന്ന പഠിതാക്കളിൽ ഒരാളായതി മാറി. പരീക്ഷ സെന്ററിൽ നടത്തുന്ന ആഴ്ചയിലെ പരീക്ഷകളിൽ എന്നും ഒന്നാമതായി അബു മാറി. ഈ മാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി.
അങ്ങിനിരിക്കെ ലാസ്റ്റ് ഗ്രേഡ് പരീക്ഷ തിയതി വന്നു. ഏറ്റവും കൂടുതൽ വേക്കൻസി മലപ്പുറം ജില്ലയിൽ ആയിരുന്നതിലാൽ അവർ ഒരുമിച്ച് പഠിക്കുന്നവർ എല്ലാവരും മലപ്പുറമാണ് സെന്റർ വെച്ചിരിക്കുന്നത്. എല്ലാവരും ഒരുമിച്ചു ട്രെയിൻ ബുക്ക് ചെയ്തു ഒരു ദിവസം മുൻപേ പോയി യാത്രയിലും റൂമിലും എല്ലാം പഠനം മാത്രം. അങ്ങിനെ അവർ പരീക്ഷ പൂർത്തിയാക്കി തിരിച്ചു റൂമിൽ വന്നു. നാളെ രാവിലെയാണ് തിരിച്ചു പോകാനുള്ള ടിക്കറ്റ് അതുകൊണ്ട് രാത്രി അടിച്ചുപൊളിക്കാൻ കുപ്പിയുമായി അവർ റൂമിൽ എത്തി. എല്ലാവരും കുളിച്ചു റെഡി ആയി റൂമിൽ എത്തി അപ്പോൾ മുരുകൻ പറഞ്ഞു "നമുക്ക് കൂടുന്ന സമയത്ത് ആ ചോദ്യവും ഉത്തരവും നോക്കിയിരുന്നേൽ എത്ര മാർക്ക് കിട്ടുമെന്ന് അറിയാമായിരുന്നു. എന്നാൽ അത് നോക്കാമെന്ന് വികാസും പറഞ്ഞു, കൂടെ ഓരോ പെഗ്ഗും അകത്താക്കി ഒന്ന് രണ്ടായി രണ്ട് മൂന്നായി മദ്യപാനം തുടർന്നു. എല്ലാവരും അവർ കറുപ്പിച്ച ഉത്തരങ്ങൾ ഓർത്തു പറഞ്ഞു. മനോജ് ഒരു പേപ്പറിൽ എല്ലാവരുടേയും മാർക്ക് കുറിച്ചു. അബുവിന്റെ മാർക്ക് കണ്ട് എല്ലാവരും ഞെട്ടി തരിച്ചു. 100 ൽ 93 അങ്ങിനെ വന്നാൽ മെയിൻ ലിസ്റ്റിൽ ഉണ്ടാവും ഉടനെ ജോലിക്കാരനുമാകും. എല്ലാവരും അബുവിനെ പ്രോത്സാഹിപ്പിച്ചു. അബുവിന് ഒത്തിരി സന്തോഷമായി.
അപ്പോൾ അബുവിന്റെ മൊബൈൽ ബെല്ലടിച്ചു. തോമാച്ചേട്ടൻ ആണ് ഒരു ദിവസം മാറി നിന്നപ്പോൾ തന്നെ ബേക്കറിയിൽ എല്ലാം താളംതെറ്റി എപ്പോൾ വരുമെന്നറിയാനാണ് വിളിക്കുന്നത്. ഫോൺ എടുത്തതെ അബുവിന്റെ സ്വഭാവം മാറി കൂടെ ഒരു കട്ട ഡയലോഗും "എടാ തോമാച്ചാ തന്നോട് കുറേയായി രണ്ട് വർത്താനം പറയാണോന്ന് കരുതിയിട്ട്. ഇനി തന്റെ അടിമപ്പണിക്ക് അബുവിനെ കിട്ടില്ല. പട്ടിണി കിടന്ന് ചത്താലും കുഴപ്പമില്ല ഇനി അങ്ങോട്ടില്ല. താൻ വേറെ ആളെ നോക്കിക്കോ. ഇനി അബുവിനെ തനിക്ക് കിട്ടില്ല" ".
തോമസ് ചേട്ടൻ പുതിയ ബംഗാളിയെ പണിക്ക് എടുത്തു, കാരണം അബു നാട്ടിൽ എത്തിയിട്ടും ബേക്കറിയിൽ വരുന്നില്ല. കഷ്ടപ്പാട് ആണെങ്കിലും അബു പിടിച്ചുനിന്നു അങ്ങിനെ അവസാനം മലപ്പുറം പോയി എഴുതിയ പരീക്ഷയുടെ റിസൾട്ട് വന്നു. അബു ഒഴിച്ച് ബാക്കി 3 പേരും പാസ്സായി. അബു അന്ന് മദ്യത്തിന്റ കിറുക്കിൽ പറഞ്ഞ ഉത്തരങ്ങളും പരീക്ഷക്ക് എഴുതിയതും വേറെ വേറെ ആയിരുന്നു. അബു തീവ്ര ദുഖത്തിലായി ഇനി എന്താ വഴി ഒന്നുമില്ല ഇത് നമുക്ക് പറഞ്ഞ പണിയല്ല എന്ന തിരിച്ചറിവിൽ തോമസ് ചേട്ടന്റെ കാലിൽ വീണു. ചേട്ടനും അവനില്ലാത്തതിനാൽ വിഷമിച്ചു നിൽക്കുകയായിരുന്നു ഇനി എങ്ങും പോകില്ല എന്ന ഉറപ്പുവാങ്ങി ക്ഷമിച്ചു ജോലിക്ക് തിരികെ എടുത്തു. സർക്കാർ ഓഫീസിൽ ഏസിയിൽ തുടർച്ചയായി ഇരിക്കുന്നതിനേക്കാൾ നല്ലത് ഈ ചൂടാണെന്നു മനസ്സിനെ അബു തന്നെ പറഞ്ഞു വിശ്വപ്പിച്ചു. ഇന്നലെ കണ്ടപ്പോളും അവൻ അതുതന്നെ പറഞ്ഞുകൊണ്ട് ജോലിയിൽ മുഴുകി അടുത്ത ബണ്ണിന്റെ ട്രേ ബോർമ്മയിൽ കയറ്റി തിരക്കിലേക്ക് ഊളിയിട്ടു.
1.
അവസാനമായി
നിനക്കുവേണ്ടി
അടി കൊള്ളുന്നത്
ഞാനാണ്.
2.
നിനക്കുള്ള ആണിയും
ഇവിടെയുണ്ട്.
ജനം ഇന്നൊരു ക്വട്ടേഷൻ ടീമാണ്
ചില ഭക്ഷണം ചോദിച്ചാൽ, കഴിച്ചാൽ
തല്ലിക്കൊല്ലും
ജാതിനോക്കാതെ പ്രണയിച്ചാൽ
തല്ലിക്കൊല്ലും
പെണ്ണിവൾ ബാറിൽ കേറിയാൽ
തല്ലിക്കൊല്ലും
വിശന്നിട്ടു വല്ലതും എടുത്തു തിന്നാൽ
തല്ലിക്കൊല്ലും
ഇന്ന് തെളിയാത്ത പലകേസിലും
പിടികിട്ടാ പുള്ളിയാണീ
ഭീകര ടീം "ജനം"
നമ്മുടെ കഥാപാത്രം സൂസൻ തോമസ് പഠിക്കാൻ വലിയ കഴിവൊന്നുമില്ലായിരുന്നു എങ്കിലും എങ്ങനെയൊക്കെയോ നഴ്സിങ് പഠിച്ചു പാസ്സായി. സൂസൻ എന്ന് നാട്ടിൽ പറഞ്ഞാൽ ആരും അറിയാൻ വഴിയില്ല. കാരണം അവർക്ക് അവൾ ടിക്ടോക് സുമായാണ്. സിനിമയിലെ ഡയലോഗുകൾ ചാരുതയോടെ പറയാനുള്ള കഴിവ് അത് സമ്മതിച്ചേ പറ്റൂ. അഭിനയത്തിൽ അവൾ പുലിതന്നെ അങ്ങിനെ വീണ പേരാണ് ടിക്‌റ്റോക് സുമ. അവൾ നഴ്സിംഗ് ജോലി തിരഞ്ഞെടുത്തതിനെക്കുറിച്ചുള്ള വീഡിയോ വൈറലാണ്. ആലപ്പുഴക്കാരിയായ അവൾ എല്ലാ പരീക്ഷയും വിജയിച്ചതിന്റെ രഹസ്യവും അവൾ ഒരു വിഡിയോയിൽ പറയുന്നുണ്ട്. ആദ്യം അവൾ നടന്ന് പാന്ഥൻ കുര്യച്ചന്റെ കുരിശടിയിൽ പോയി പ്രാർത്ഥിക്കും പിന്നെ തത്തംപള്ളി പള്ളിയിലെ മിഖായേൽ മാലാഖയോട് പറയും പിന്നെ നേരെ ആലിൻചുവട്ടിൽ എത്തി അവിടെ വിളക്കുവെച്ചിരിക്കുന്ന മൂർത്തിയോട് അപേക്ഷിക്കും. പിന്നെ ആ ജംഗ്ഷനിൽനിന്നും ലെഫ്റ്റ് അടിക്കും കിടങ്ങാംപറമ്പ് റോഡിലെ മോസ്‌ക് അവിടെയാണ് അവിടെയും അപേക്ഷ വെച്ചശേഷം അവൾ നേരെ കിടങ്ങാംപറമ്പ് ദേവി ക്ഷേത്രത്തിൽ എത്തി ആരുംകാണാതെ പ്രാർത്ഥിച്ചു മടങ്ങും ഇത്രയും ചെയ്താൽ അവൾക്ക് ജയിക്കുമെന്ന് ഉറപ്പാണ്.
വീട്ടുകാർ സുമയെ അല്ല സൂസനെ നഴ്സിംഗ് പഠിപ്പിച്ചതിന്റെ പിന്നിലെ ആഗ്രഹം ലണ്ടനിൽ പോയി നന്നായി സമ്പാദിച്ചു നല്ലജീവിതം കെട്ടിപ്പെടുക്കുക എന്നത് തന്നെയായിരുന്നു. അവൾ അങ്ങിനെ IELTS പഠനം തുടങ്ങി. പഠനം തുടങ്ങിയത് മേൽപ്പറഞ്ഞ ദൈവങ്ങളോട് അനുവാദം വാങ്ങിയത് അഥവാ നന്നായി പറഞ്ഞു തുടങ്ങാനായത് അവൾക്ക് അസാമാന്യമായ കരുത്ത് പകർന്നു നൽകി. വീട്ടിൽ എത്തിയാലും അവൾ കൂടെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് പറഞ്ഞു കൊടുക്കലും പ്രാക്റ്റീസും ഉപദേശവും ക്ലാസും തുടർന്നുപോന്നു. അവളുടെ കൂടെ പഠിച്ച അല്ലെങ്കിൽ അവൾ പ്രാക്ടീസ് കൊടുത്ത 4 കുട്ടികൾക്കും IELTS ആദ്യത്തെ തവണ തന്നെ കിട്ടിയത് നാട്ടിൽ വാർത്തയായി അവൾ പിന്നേം താരമായി തിളങ്ങി.
അങ്ങിനെ അവസാനം സുമയ്ക്ക് IELTS പരീക്ഷയ്ക്ക് തീയതി കിട്ടി. ഇനി മുന്നിലെ കടമ്പ കുര്യച്ചൻ, മിഖായേൽ മാലാഖ, ആലിൻചുവട്, മോസ്‌ക്, കിടങ്ങാംപറമ്പ് അമ്പലം ഇവ പൂർത്തിയാക്കുന്നതാണ്. കാർക്കശ്യകാരനായ അച്ഛനോട് പറഞ്ഞാൽ തല്ല് ഉറപ്പാണ്. ചിലപ്പോൾ പരീക്ഷ പോലും വേണ്ടന്ന് വയ്‌ക്കും. ആദ്യം അമ്മയെ കുര്യച്ചന്റെ പള്ളിയിലും തത്തപ്പള്ളിയിലും വിട്ടു 'അമ്മ അത് കൂടാതെ പള്ളിയിൽ പോയി അച്ചനെ കണ്ട് പ്രാർത്ഥന ഉറപ്പാക്കി പിന്നെ കൂട്ടുകാരി ശ്രീദേവിയെ കണ്ട് ആലിൻചുവട് വിളക്കിട്ട് കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ നേർച്ച നടത്തി മടങ്ങി. പിന്നെ കൂട്ടുകാരൻ ഉസ്മാൻ വഴി മോസ്‌കിലും പ്രാർത്ഥന നടത്തി. സുമയ്ക്ക് ഇതറിഞ്ഞപ്പോൾ മനക്കരുത്ത് വീണ്ടുകിട്ടി അവൾ സന്തോഷത്തോടെ പരീക്ഷക്ക് പോയി അവളുടെ കോൺഫിഡൻസ് കണ്ട് അവൾ വിജയിക്കും എന്ന ഉറപ്പിൽ അച്ഛൻ പരീക്ഷ കഴിഞ്ഞ ഉടനെത്തന്നെ അമ്മയെ ഫോൺ വിളിച്ചു സന്തോഷം പങ്കിട്ടു. അതും അവൾക്ക് വിശ്വാസം കൂട്ടി.
അങ്ങിനെ അവസാനം റിസൾട്ട് വരുന്ന തീയതി എത്തി റിസൾട്ട് പരിശോദിച്ചു അവളുടെ പേരില്ല അവൾ തകർന്നുപോയി എന്നാലും എന്താവും കാര്യം എന്നാലോചിച്ചുകൊണ്ട് അവൾ വലഞ്ഞു. എത്രയാലോചിച്ചിട്ടും അവൾക്ക് ഉത്തരം കിട്ടിയില്ല. അവളുടെ അനിയൻ കളിക്കാൻ എടുത്ത് പേപ്പറിൽ ഉണ്ടായിരുന്ന റെസിപ്റ്റിൽ നിന്നും ആ സത്യം ലോകം തിരിച്ചറിഞ്ഞു. അമ്പലത്തിലും പള്ളിയിലും മോസ്കിലും നേർച്ച നടത്തിയ റെസിപ്റ്റിൽ "സുമ" എന്നാണ് എഴുതിയിരുന്നത്. അവൾ പരീക്ഷ എഴുതിയതോ "സൂസൻ തോമസ്" എന്ന പേരിലും. അവളുടെ പരാജത്തിന്റെ കാരണം മനസ്സിലാക്കിയ സുമ വീണ്ടും IELTS പുസ്തകം എടുത്ത് പഠനം തുടങ്ങി
ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും എപ്പോഴും അലതല്ലി കരയുന്നത്.