Sunday, June 30, 2019

മാപ്പ്

എന്നും
കരുതും
ഇനി
പറയേണ്ടി വരില്ലെന്ന്
ദേ
പിന്നെയും..

Monday, June 24, 2019

മലയാളം


മലയാളം മാതൃഭാഷ,
കൂടാതെ ശ്രേഷ്ഠഭാഷ
ഇത് അംഗീകരിക്കാത്ത
വിദ്യാലയങ്ങളുള്ള
നാടാണ്  കേരളം

Sunday, June 23, 2019

അതിജീവനം

അതിജീവനത്തിന്റെ താളുകൾ മറിച്ച്നോക്കി.

ആ പുസ്തകം എഴുതിയിരിക്കുന്നത്
തൂമ്പാ പോലുള്ള എന്തോ വസ്തു കൊണ്ടാണ്.

അതിന് ഒരു വശത്തേക്ക് മാത്രമേ പ്രവർത്തിക്കാനാകൂ.

Saturday, June 22, 2019

നന്ദി

പണം കൊടുക്കേണ്ടടുത്ത്
പണം കൊടുക്കണം.
നന്ദി കൊടുക്കേണ്ടടുത്ത്
നന്ദി കൊടുക്കണം.

ഇന്നതെല്ലാം ഒരു താങ്ക്‌യൂവിൽ ഒതുക്കും

Friday, June 21, 2019

കാത്തിരിപ്പ്

ചുവപ്പുനാടക്കുരുക്കിലൂടെ
ഒരു പ്രവാസിയുടെ
എല്ലാം ശരിയാകാനുള്ള
കാത്തിരിപ്പിന് വിരാമമായി. 

Thursday, June 20, 2019

മഴ

എന്നൊക്കെ ഞാൻ
കുടയെടുക്കാതെ പോയോ
അന്നൊക്കെ എന്നെ
കരുതിക്കൂട്ടി നനയിച്ചവൾ 

Wednesday, June 19, 2019

അടുപ്പം


അടുപ്പുകൾ പോലെ ഞങ്ങൾ അടുത്തിരുന്നു.
ഞങ്ങൾക്കിടയിലാരോ വിറകുകൾ
കൊണ്ടൊരകലം തീർത്തു.
മറ്റാരോ ആ വിറകിനു തീയിട്ടു
പിന്നേം ഞങ്ങൾ അടുത്തു.
അടുത്തതായി അടുപ്പം കൂടി
ഇതല്ലേ ജീവിതം. 

Tuesday, June 18, 2019

പ്രേയസി

മഴ നനഞ്ഞൊരെൻ കനവുകൾക്ക്
മിഴിവ് നൽകിയ സുന്ദരി,
നീ ചിതലരിച്ചൊരെൻ രചനകൾക്ക്
ജീവനായെന്റെ പ്രണയിനി.



Monday, June 17, 2019

ആൽത്തറ

ആൽത്തറയിൽ ഇരിക്കുവാൻ ആളില്ലാതായി.
ഓരോരുത്തരും മൊബൈലിൽ ഒരു ലോകം
പടുത്തിട്ട് ആ കൂട്ടിലായ്.
അവസാനം ആൽമരം ഒരു വഴികണ്ടെത്തി,
ആളെകൂട്ടുവാനായൊരു ഗൂഗിൾ ആപ്പ്,
"ആൽത്തറ ബുക്ക് ചെയ്യൂ
ശുദ്ധവായു ശ്വസിക്കൂ".

Sunday, June 16, 2019

ഫാതേർസ് ഡേ മദേഴ്‌സ് ഡേ

അച്ഛനൊരു ഡേ.
അമ്മയ്ക്കൊരു ഡേ.
അവരുടെ അച്ഛനും അമ്മയും
അവരുടെ ഡേയ്ക്കായി
കാത്തുകിടക്കുന്നു.  

Saturday, June 15, 2019

ഭാഷ

സ്കൂൾ ഉദ്‌ഘാടനത്തിനു വന്ന
പണ്ഡിറ്റ് ഗോപിമാഷ്
മലയാളി, മലയാളഭാഷ
ഒഴിവാക്കുന്നതിനെ വിമർശിച്ചു.
അക്കമിട്ടുപറഞ്ഞു ശ്വാസിച്ചു 
കേട്ടവർ കോരിത്തരിച്ചു. 
കൈയടികൾ കൊടുമ്പിരിക്കൊണ്ടു.

യാത്രയാക്കിയപ്പോ മകനെക്കുറിച്ചു
തിരക്കി,
അവനെ സി ബി എസ് ഈ യിൽ
വലിയ തുക കൊടുത്താണ് ചേർത്തതെന്നു
അഭിമാനത്തോടെ പറഞ്ഞിട്ട്
ഗോപിമാഷ് കാറിൽ പറന്നു. 

Friday, June 14, 2019

ദാരിദ്ര്യം


ദാരിദ്ര്യം 
അളക്കുന്ന
രീതി മാറി
ഇപ്പൊ നിറം 
നോക്കിയാ റേഷൻ.
വർണ്ണവിവേചനം
അവസാനിക്കുന്നില്ല.

Thursday, June 13, 2019

പൊതിച്ചോർ

പൊതിച്ചോറുമായ് പണിക്കുപോകുന്ന ബംഗാളി.
അവനുണ്ടാക്കിയ പൊതിച്ചോർ വിലയ്ക്ക് വാങ്ങുന്ന മലയാളി.
ഊണ് കഴിഞ്ഞ് ഏമ്പക്കം വിട്ടിട്ട് ആ കറിയിലെ
മലയാളിരുചിയെ വാനോളം പുകഴ്ത്തി
ഇതുകേട്ട് ഗ്ലാസ്സെടുക്കാൻ വന്ന ബംഗാളി
ഒന്നമർത്തി ചിരിച്ചു.... 

Wednesday, June 12, 2019

ഏകാന്തത


ഏകാന്തത ഒരു തണലാണ്
മഴയത്ത് ചൂടുന്ന കുടപോലെ
തന്നിലേക്കുതന്നെ വലിയാനുള്ള തണൽ 

Tuesday, June 11, 2019

അകൽച്ച

ഒരു പുതപ്പിൽനിന്നുള്ള അകൽച്ച
രണ്ടു മുറിക്കുള്ളിലാക്കി
പിന്നതു രണ്ടു മതിൽക്കെട്ടിലാക്കി
                     "അകൽച്ച"
വളർന്നുകൊണ്ടേയിരുന്നു. 

Monday, June 10, 2019

ഡിവോഴ്സ്

ആ ത്രീയേക കുടുംബം
പിരിയാൻ  വിധിയായി
കടലാസു കൈപ്പറ്റി മടക്കിപിടിച്ച്
അവൻ അവളോട്  ചോദിച്ചു
ഈ കുഞ്ഞിനുവേണ്ടി
നമുക്ക് ഒന്നിച്ചു കൂടെ...  

Sunday, June 09, 2019

ആത്മഹത്യ

ആരൊക്കെയോ കൂടെയുണ്ടെന്ന തോന്നലിനെ
തനിക്കാരുമില്ല എന്ന തോന്നൽ മറികടക്കുമ്പോൾ
ചിലപ്പോൾ സംഭവിക്കുന്നതാവാം ആത്മഹത്യ   

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.