Wednesday, December 31, 2025

പുതുവത്സരാശംസകൾ 2026

 ഇനിയും കൊഴിഞ്ഞു തീരാത്ത

വസന്തത്തിന്റെ വർണ്ണത്തുടിപ്പുകളുമായി

പുതിയ വസന്തം തേടിയൊരു യാത്ര!

വഴിയിൽ ആരോ ഉപേക്ഷിച്ചുപോയ 

സത്യങ്ങളും മിഥ്യകളും കൂടെ ചേർത്തുകൊണ്ട്,

പുതിയ സ്വപ്നങ്ങൾ തേടി! 

ആശംസയായി നൽകുന്ന ഉറപ്പ് 

എന്നും എപ്പോഴും ഒരു തണലായി 

കൂടെയുണ്ടാകും എന്ന സത്യം മാത്രം!


സ്നേഹത്തോടെ നേരുന്നു...

❤️പുതുവത്സരാശംസകൾ ❤️


Carrying the lingering hues of a spring 

not yet faded, a journey begins in search of a 

new spring!

Gathering along the way the truths and illusions

 once left behind by others,

it moves forward in pursuit of new dreams.

The promise offered as a blessing 

remains this alone —

the truth that I will always, 

forever, be a shade beside you.


With love and warmth,

❤️New Year’s wishes ❤️

Saturday, December 06, 2025

പ്രണയ പിറന്നാൾ

 എഴുതാൻ തുടങ്ങിയ കാലം മുതൽ 

ഈ മുഖവും സ്വരവും എനിക്ക് സുപരിചിതമാണ് 


നേരിൽ കണ്ടതും ആ കണ്ണിൽ 

എന്റെ കണ്ണുകൾ ഉടക്കി

 

അന്ന് ദാവണി ഉടുത്തത്

പുഞ്ചിരിയുമായി മുന്നിൽ വന്നത് 

ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു 


എല്ലാം നഷ്ടപ്പെട്ടു 

എന്ന് കരുതിയപ്പോൾ 

പ്രതീക്ഷ തന്നതിന് 


എന്റെ പിടിവാശികൾക്കും 

കുസൃതിക്കും ഒപ്പം നിന്നതിന് 


പ്രണയത്തിന്റെ നൂലിഴകൾകൊണ്ട് എന്നെ പൊതിയുന്നവളേ 


നിനക്ക് സ്നേഹത്തിൽ പൊതിഞ്ഞ 

പിറന്നാളാശംസകൾ ❤️

Saturday, October 18, 2025

നിനക്കായ് മാത്രം....


എന്നും പുലർകാലേ,

ജലകണം വിതറുന്ന

കാർകൂന്തലിൽ 

തുളസി കതിരുമായ്

നീ എത്തും


നെറ്റിയിൽ പകിട്ടായി 

ചന്ദന കുറിയും

അതിന് മുകളിലൊരു 

ഭസ്മ കുറിയും

ദേവിയെ പോലെ നടന്നടുക്കും


ആ 6.5 മീറ്റർ സാരിയിൽ

നിന്റെ സൗന്ദര്യം പൊതിഞ്ഞിരിക്കുന്നു.

സാരിയുടെ കരയിലെ നിറത്തിനൊത്ത

ബ്ലൗസിൽ നീ തെളിഞ്ഞുനിൽക്കുമ്പോ,

ഞാൻ വേറൊരു ലോകത്താകും.


നിന്റെ ചിരിയിലൊരു 

മന്ത്രം ഒളിപ്പിച്ചിരിക്കുന്നു

ആ കുഞ്ഞിരി പല്ലിന്റെ തിളക്കത്തിൽ

എന്റെ ഓരോ ദിനവും തിളങ്ങും.


നിന്റെ വാക്കുകൾ കേൾക്കാൻ,

ആ മുഖത്തെ ചിരി കാണാൻ,

ഇന്നും എന്നും

ആ വഴിയരികിൽ 

ഞാൻ കാത്തുനിൽക്കും 


നിനക്കായ് മാത്രം

ഇനിയും നിനക്കായ്‌

വീണ്ടും വീണ്ടും നിനക്കായ്.

Friday, October 17, 2025

സ്നേഹം

 എന്തിനാണ് ഞാൻ നിന്റെ മേൽ 

ഇത്ര അധികാരം എടുക്കുന്നത്?


എന്തിനുവേണ്ടിയാണ് ഉചിതമെന്ന് തോന്നിയ

 എന്റെ തീരുമാനങ്ങളിലേക്കു നിന്നെ നയിക്കുന്നത്?


നിന്റെ കാലിടറുമ്പോൾ

എന്തിന് ഞാൻ താങ്ങാവുന്നു?


നിന്റെ വാതോരാത്ത കൊഞ്ചലുകൾക്ക്

എന്തിന് ഞാൻ ചെവിയാകുന്നു?


നിനക്ക് എന്നെ വേണ്ടെന്ന് പറഞ്ഞു ശകാരിച്ചിട്ടും,

പോകാതെ എന്തിനായ് കാത്തുനിൽക്കുന്നു


ഉത്തരം ഒന്ന് മാത്രം....

എനിക്ക് നിന്നോടുള്ള സ്നേഹം.


പക്ഷേ ഇതു നീ തിരിച്ചറിയുമ്പോൾ 

ഞാൻ നടന്നു മറഞ്ഞിട്ടുണ്ടാവും 


നിന്റെയാ കരഞ്ഞു കലങ്ങിയ കണ്ണിൽ 

എന്നെ മാത്രമാക്കി 

നീ എന്നെ തിരയുന്നത് കാണാനാവും.


 

Friday, August 29, 2025

അവർ,

നീണ്ടകാലത്തെ ജോലിക്കുശേഷം 

അവർ രണ്ടുപേരും റിട്ടയറായി.....

കൂട്ടിനായ് ഒരു കൈനെറ്റിക് ഹോണ്ടയും

വിശ്രമജീവിതം അവർ

ആഘോഷമാക്കി 

രാവിലെ തുടങ്ങുന്ന

സ്കൂട്ടർ യാത്രകൾ 

ആരാധനാലയങ്ങളും

ബന്ധുവീടുകളും 

ഇഷ്ടപ്പെട്ട സ്ഥലങ്ങൾ..

അവർ പ്രണയിച്ചു 

കമിതാക്കളായ് 

ജീവിച്ചു 

സൂര്യരശ്മികളോ 

മഴത്തുള്ളികളോ 

അവരുടെ

യാത്രയെ

തടസ്സപ്പെടുത്തിയില്ല

ഭൂമിക്കുപോലും 

കുശുമ്പുതോന്നിയോ 

ഒരിക്കൽ

ഒരു യാത്രയിൽ 

വഴിയിൽ ഒളിഞ്ഞിരുന്ന 

ഒരു അപകടം അവരെ കണ്ണീരിലാഴ്ത്തി


അച്ഛൻ കിടപ്പിലായി 

അമ്മയുടെ ലോകം 

അച്ഛന്റെ കട്ടിലിന്റെ 

നാലുകാലുകളിൽ 

ദൈവം തളച്ചു..

അവിടെയും

പ്രണയം

ജീവനായ് 

കത്തിനിന്നു..

Thursday, July 31, 2025

ഇല

ഇലയാവണം...
കറിവേപ്പിലയാവണം

സ്വപ്നത്തിൽ പോലും
ശപിക്കപ്പെടാതെ
ഓർമ്മകളെ മുഴുവൻ
ചുട്ടെരിച്ചു മടങ്ങണം...

മണ്ണിൽ അലിയുമ്പോളും
ചിരിച്ചു മടങ്ങണം.....

Saturday, July 19, 2025

മാപ്പ് ........

അറിയാതെ നാവിൽനിന്നും

വീണവാക്കിൽ നീ എന്നെ മറന്നു 

നടന്നകന്ന പാദധ്വനി മാത്രം കേട്ടു,

നീ പറയാതെ പോയ വാക്കുകൾ

ഇന്നും എന്റെ നെഞ്ചിൽ വിതുമ്പുന്നു…


കണ്ണീരിന് ഭാഷയില്ല,

കരഞ്ഞു കരഞ്ഞേന്റെ കണ്ണ് കലങ്ങി 

നിന്റെ ഒഴിവാക്കലുകൾ 

എന്റെ ഹൃദയം തകത്തുകളയുന്നു  

നിനക്കുഞാൻ ഒരു വായിച്ചു തീർന്ന ഒരു പുസ്തകം മാത്രം 

മറിച്ചു നീ എനിക്കോ ഇന്നും ജീവൻ തുടിക്കുന്ന ഹൃദയം 


ഇപ്പോൾ മിണ്ടാതെ നിന്നെ നോക്കുന്ന

എന്റെ കണ്ണുകളിൽ

മാപ്പിന്റെ നിഘണ്ടു ഉണ്ട്…


പറയാൻ നെഞ്ച് വിതുമ്പുന്നു 

പറയാതെ കഴിയാനാകില്ല…

“ക്ഷമിക്കണേ” എന്നു പറഞ്ഞിട്ട്

എന്റെ ഹൃദയം തുറന്നു കാട്ടട്ടെ 


എന്റെ മാപ്പു നിന്നെ എനിക്ക് തിരികെ നൽകട്ടെ 

സ്നേഹത്തിന്റെ തൂവാല വീണ്ടും നിന്നെ പൊതിയട്ടെ 

ഒരു വാക്ക് മാത്രം...

മാപ്പ്…

Saturday, May 24, 2025

അമ്മ

മോനെ ഇന്ന്

കറി കുറവാ...

അമ്മയ്ക്ക് ഒത്തിരി 

പണിയുണ്ടായിരുന്നു.

അമ്മയിന്ന് 

എന്തുണ്ടാക്കിയാലും

മോൻ കഴിക്കണം കേട്ടോ 

രുചികാരണം ചോറന്ന്

കാലിയാവും


ഇന്ന്....

ഇടങ്ങഴി

ചോറുണ്ണാൻ പറ്റിയകാലത്ത്

അമ്മ അടുത്തില്ല

ആ രുചികളും.

Thursday, May 15, 2025

ഇൻഷുറൻസ്


അച്ഛന് വണ്ടി അപകടം 


മൾട്ടി സ്പെഷ്യാലിറ്റിയിൽ ICU വിലാക്കി 


അറിഞ്ഞയാൾ ചോദിച്ചു 


താങ്ങാനാവത്ത ബില്ലല്ലേ... അവിടെ...


ഇൻഷുറൻസ് ഉണ്ടോ?


ഉടനെ മറുപടി വന്നു 


"ഇല്ല"


 "മൂന്ന് മക്കളുണ്ട്"

Wednesday, April 09, 2025

നീ


നിന്റെ സാമീപ്യം 

ഏത് ഊഷര ഭൂമിയെയും 

പുഷ്പിപ്പിക്കും 

നിന്നിൽ കണ്ട 

മഞ്ഞുകണങ്ങൾ 

എനിക്ക് ജീവൻ

നൽകി

എന്റെ നയനങ്ങളിലെ

കണ്ണീരൊപ്പാൻ

എന്റെ ചിരികൾക്ക്

നീളം കൂട്ടാൻ

ഇനി 'നീ'  ഉണ്ടാവില്ല

എന്ന സത്യം 

എന്റെ വേരുകളെ 

ദ്രവിപ്പിക്കുന്നു 

ഞാൻ മണ്ണിൽ 

അലിയുന്നു...

കടൽ

ഒത്തിരിപേരുടെ സങ്കടങ്ങൾ കേൾക്കുന്ന കൊണ്ടാവും  എപ്പോഴും അലതല്ലി കരയുന്നത്.